ദുബായ്: മദ്യപിച്ച് തെരുവിലൂടെ നഗ്നനായി നടക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസില്‍ അറബ് പൗരന് ദുബായ് കോടതിയില്‍ വിചാരണ. കഴിഞ്ഞ ഫെബ്രുവരിയില്‍ അല്‍ മുറാഖബാത്ത് ഏരിയയിലാണ് സംഭവം ഉണ്ടായത്. 

അജ്ഞാതരായ ഒരു സംഘം ആളുകള്‍ തന്നെ ആക്രമിക്കുകയും 2000 ദിര്‍ഹം അപഹരിക്കുകയും ചെയ്‌തെന്നാരോപിച്ചാണ് ഇയാള്‍ തെരുവില്‍ ബഹളമുണ്ടാക്കിയത്. പ്രകോപിതനായ പ്രതി സ്ഥലത്തെത്തിയ പൊലീസുകാരോട് തന്റെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. 

സംഭവസ്ഥലത്ത് കൂടിയ ജനങ്ങള്‍ക്ക് മുമ്പില്‍ ഇയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ഇയാള്‍ ആക്രമിച്ചു. ഒരു പൊലീസുകാരന്റെ വലതു കാല്‍മുട്ടിന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവാവിനെ പിടികൂടി.  എന്നാല്‍ അല്‍ മുറാഖബാത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി യുവാവ് പൊലീസുകാരെ അവഹേളിച്ചതായും പൊലീസ് പറയുന്നു. അറസ്റ്റ് ചെറുക്കല്‍, മതത്തെയും പൊലീസ് ഉദ്യോഗസ്ഥരെയും അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, നഗ്നതാ പ്രദര്‍ശനം, അനധികൃത മദ്യപാനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ദുബായ് പ്രോസിക്യൂഷന്‍ ചുമത്തിയത്. സെപ്തംബര്‍ 15ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.