അജ്‍മാന്‍: കടലാസുകള്‍ യുഎഇ കറന്‍സികളാക്കി മാറ്റാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ രണ്ട് വിദേശികളെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പണം ഇരിട്ടിപ്പിക്കാനായി ഇവരുടെ അടുത്തുപോയ ഒരാളാണ് തട്ടിപ്പില്‍ അകപ്പെട്ടതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് അജ്‍മാന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ അഹ്‍മദ് സഈദ് അല്‍ നുഐമി പറഞ്ഞു.

ഒരു കറുത്ത കടലാസ് കഷണമാണ് പ്രതികള്‍ കാണിച്ചത്. പിന്നീട് ഇതില്‍ മഷി പോലുള്ള ഒരു ദ്രാവകം സ്പ്രേ ചെയ്തു. ഇതോടെ കറുത്ത കടലാസ് 100 ദിര്‍ഹത്തിന്റെ നോട്ടായി മാറുന്നത് ഇവര്‍ കാണിച്ചുകൊടുത്തു. 15,000 ദിര്‍ഹം നല്‍കിയാല്‍ ഇത്തരത്തിലുള്ള കറുത്ത കടലാസിന്റെ കെട്ടുകളും മഷിയും നല്‍കാമെന്നായിരുന്നു പ്രതികളുടെ വാഗ്ദാനം. 

ഇതനുസരിച്ച് പണം നല്‍കിയോടെ ഒരു ബാഗ് നിറയെ കറുത്ത കടലാസുകള്‍ എത്തിച്ചുനല്‍കി. ബാഗ് ഇപ്പോള്‍ തുറക്കരുതെന്നും കടലാസുകള്‍ നോട്ടായി മാറാന്‍ അല്‍പം സമയമെടുക്കുമെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ ഇയാള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചതോടെ സി.ഐ.ഡി ഓഫീസര്‍മാരുടെ പ്രത്യേക സംഘം രൂപീകരിച്ച് അജ്‍മാന്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. സമാന രീതിയില്‍ കെണിയൊരുക്കിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം തട്ടിപ്പുകള്‍ക്ക് ആരെങ്കിലും ശ്രമിക്കുന്നതായി മനസിലായാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.