കുവൈത്ത് സിറ്റി: കാറില്‍ മദ്യം കടത്തുന്നതിനിടെ കുവൈത്തില്‍ രണ്ട് പ്രവാസികള്‍ പിടിയിലായി. അബുഹാലിഫയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരാണ് പിടിയിലായത്. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇയാളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടി.

വാഹനം പരിശോധിച്ചപ്പോള്‍ 76 കുപ്പി മദ്യം കണ്ടെടുത്തു. ഇവ പ്രാദേശികമായി നിര്‍മിച്ചതാണെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറാന്‍ അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് മതര്‍ ഉത്തരവിട്ടു. പിഴ ഈടാക്കിയ ശേഷം ഇവരെ നാടുകടത്തുമെന്നാണ് സൂചന.