അബുദാബി: യുഎഇയില്‍ എടിഎം തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റിലായി. അബുദാബിയിലെ അല്‍ ഗയാത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ച രണ്ടുപേര്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം സ്ഥലത്ത് കുതിച്ചെത്തുകയായിരുന്നു.

ഒരു ചുറ്റികയും അലൂമിനിയത്തില്‍ തീര്‍ത്ത ചില ഭാഗങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തു. കൈയുറകള്‍ ധരിച്ചായിരുന്നു പ്രതികള്‍ മോഷണശ്രമം നടത്തിയത്. സ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് അബുദാബി മുസഫയിലെ താമസ സ്ഥലത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോള്‍ ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു.