യുവാവിന് നിയന്ത്രണം നഷ്ടമാകുകയും തുടര്‍ന്ന് വാഹനം പല തവണ റോഡില്‍ കീഴ്‌മേല്‍ മറിയുകയുമായിരുന്നു.

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് സഹോദരങ്ങള്‍ മരിച്ചു. 17ഉം 27ഉം വയസ്സുള്ള സ്വദേശി യുവാക്കളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട് ഷമല്‍ ഏരിയയിലേക്ക് നീളുന്ന എമിറേറ്റ്‌സ് ബൈപ്പാസ് റോഡിലാണ്(റിങ് റോഡ്) അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന യുവാവിന് നിയന്ത്രണം നഷ്ടമാകുകയും തുടര്‍ന്ന് വാഹനം പല തവണ റോഡില്‍ കീഴ്‌മേല്‍ മറിയുകയുമായിരുന്നെന്ന് റാസല്‍ഖൈമ പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് അല്‍ സാം അല്‍ നഖ്ബി പറഞ്ഞു. അപകടത്തില്‍ സഹോദരങ്ങളിലൊരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും ബ്രിഗേഡിയര്‍ അല്‍ നഖ്ബി ഓര്‍മ്മപ്പെടുത്തി.