ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മൂന്നും നാലും വയസുള്ള സഹോദരങ്ങള്‍ മരിച്ചു. സംഭവ സമയത്ത് രണ്ട് കുട്ടികളും അവരുടെ അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനെ തീവിഴുങ്ങിയപ്പോള്‍ രണ്ട് പേരും പുറത്തിറങ്ങാനാവാതെ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഉബൈദ് അല്‍ തുനൈജി അറിയിച്ചു. കുട്ടികളുടെ അമ്മയും അച്ഛനും ജോലിക്ക് പോയിരിക്കുകയായിരുന്നു. കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടാന്‍ അമ്മൂമ്മയ്ക്ക് കഴിയുമായിരുന്നില്ല. വീടിന് തീപിടിച്ചതോടെ ഇവര്‍ അയല്‍വാസികളുടെ സഹായം തേടി അലറിക്കരഞ്ഞു. എന്നാല്‍ ഓടിയെത്തിയ അയല്‍വാസികള്‍ക്കും കുട്ടികളെ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച രാവിലെ 10.30നാണ് ഫുജൈറ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനയും പാരാമെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വീടിന്റെ വലിയൊരുഭാഗവും തീപിടുത്തത്തില്‍ തകര്‍ന്നു. മറ്റ് വീടുകളിലേക്ക് തീ പടരാതെ അഗ്നിശമന സേന നിയന്ത്രിച്ചു. രണ്ട് കുട്ടികളെയും പുറത്തെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.