അബുദാബി: കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി തിങ്കളാഴ്ച മരണപ്പെട്ടതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് 41 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ  രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 611 ആയി.

ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ക്ക് രോഗം ഭേദമായതായും അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 ബാധിച്ച് രാജ്യത്ത് ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. 48കാരനായ അറബ് പൌരനും 42കാരിയായ ഏഷ്യന്‍ വനിതയുമാണ് ഇന്ന് മരിച്ചത്. ഇതുവര്‍ക്കും നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇന്നലെ യുഎഇയില്‍ ഒരാള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. 102 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 2,20,000 ടെസ്റ്റുകളാണ് കൊറോണ വൈറസ് കണ്ടെത്താനായി രാജ്യത്ത് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. 10 ലക്ഷം പേരില്‍ 22,900 പേരില്‍ എന്ന കണക്കിലാണ് ഇതുവരെ പരിശോധന നടത്തിയതെന്നും അധികൃതര്‍ അറിയിച്ചു. ലോകത്തു തന്നെ ഏറ്റവുമധികം പരിശോധനകള്‍ നടത്തുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. രാജ്യത്തെ സ്കൂളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഇ-ലേണിങ് സംവിധാനം ഈ അക്കാദമിക വര്‍ഷത്തിന്റെ അവസാനം വരെ നീളുമെന്നും അറിയിച്ചിട്ടുണ്ട്.