Asianet News MalayalamAsianet News Malayalam

യുഎഇയില്‍ രണ്ട് എഞ്ചിനീയര്‍മാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ഇരുവരും പരസ്‍പരം കുത്തിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മറ്റാരോ ആസൂത്രിതമായി രണ്ട് പേരെയും കൊലപ്പെടുത്തിയതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. രണ്ട് മൃതദേഹങ്ങളിലും എട്ടോളം മുറിവുകളുണ്ട്.

two engineers found dead with multiple stab wounds in UAE
Author
Sharjah - United Arab Emirates, First Published Sep 16, 2020, 11:11 PM IST

ഷാര്‍ജ: ഷാര്‍ജയില്‍ രണ്ട് എഞ്ചിനീയര്‍മാരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നിര്‍മാണത്തിലിരിക്കുന്ന ഒരു പള്ളിയ്ക്ക് സമീപം ഒരു കാരവാനിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും ശരീരത്തില്‍ കുത്തേറ്റ നിരവധി മുറിവുകളുണ്ട്. രക്തം പുരണ്ട രണ്ട് കത്തികളും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം തുടങ്ങി.

40 വയസിന് മുകളില്‍ പ്രായമുള്ള സുഡാന്‍ പൗരന്മാരാണ് മരണപ്പെട്ടവര്‍. ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ ലേബര്‍ സൂപ്പര്‍വൈസര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഇരുവരും പരസ്‍പരം കുത്തിയതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മറ്റാരോ ആസൂത്രിതമായി രണ്ട് പേരെയും കൊലപ്പെടുത്തിയതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. രണ്ട് മൃതദേഹങ്ങളിലും എട്ടോളം മുറിവുകളുണ്ട്.

അതേസമയം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന അടുത്ത സുഹൃത്തുക്കളായിരുന്നെന്നും പരസ്‍പരം ഏറ്റുമുട്ടി കുത്തേറ്റ് മരിക്കാനുള്ള സാധ്യയില്ലെന്നുമാണ് മരണപ്പെട്ടവരില്‍ ഒരാളുടെ ബന്ധു പറഞ്ഞത്. രാവിലെ കണ്‍ട്രക്ഷന്‍ സൈറ്റില്‍ തൊഴിലാളികളെ സന്ദര്‍ശിക്കാനായി പോയതായിരുന്നു ഇരുവരും. ഇരുവരും തമ്മില്‍ ഇതുവരെയും  ഒരു കാര്യത്തിന്റെ പേരിലും  വാക്കുതര്‍ക്കമോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ ഒരുമിച്ച് പ്രഭാത പ്രാര്‍ത്ഥന നിര്‍വഹിച്ച് ഒരുമിച്ച് ചായ കുടിച്ച ശേഷമാണ് ജോലി സ്ഥലത്തേക്ക് പോയതെന്നും ബന്ധു പറഞ്ഞു.

രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരമായിരുന്നു പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് സി.ഐ.ഡി, ഫോറന്‍സിക്, ക്രൈം സീന്‍, പട്രോള്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വയറ്റില്‍ നിരവധി തവണ കുത്തേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് സ്ഥലത്തുനിന്ന് തെളിവ് ശേഖരിച്ചു. മൃതദേഹങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.

Follow Us:
Download App:
  • android
  • ios