തിരുവനന്തപുരം: ആദ്യ ദിനം മടങ്ങിയെത്തിയ രണ്ട് പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്നും എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

വിദേശത്ത് നിന്ന് തിരിച്ചെത്തിയവരില്‍ ആര്‍ക്കൊക്കെ രോഗമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ രോഗലക്ഷണം ഉണ്ടാവണമെന്നില്ല. ചില രോഗലക്ഷണങ്ങള്‍ മരുന്നുകളിലൂടെ മറച്ചുവെയ്ക്കാനുമാവും. ഗൗരവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി എല്ലാ ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ ഏകോപിപ്പിക്കുന്നതും ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതും ഇവരുടെ നേതൃത്വത്തിലാണ്. 207 സര്‍ക്കാര്‍ ആശുപത്രികളെ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 125 സ്വകാര്യ ആശുപത്രികളില്‍ കൂടി ചികിത്സാ സംവിധാനമൊരുക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ 27 ആശുപത്രികളെ സമ്പൂര്‍ണ കൊവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവളങ്ങളില്‍ നിന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളില്‍ നിര്‍ണിത ക്വാറന്റൈന്‍ കേന്ദ്രങ്ങളിലെത്തിക്കും. ഓരോ നിരീക്ഷണ കേന്ദ്രത്തിലും ഡോക്ടറുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഈ കേന്ദ്രങ്ങളുടെ നടത്തിപ്പ് ചുമതല. മേല്‍നോട്ടം വഹിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.