കടകളിലും മാര്‍ക്കറ്റുകളിലും പതിവ് പരിശോധന നടത്തുന്നതിനിടെ ഒരാള്‍ പുകയില ഉത്പന്നങ്ങളുടെ കവറുകള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. 

മസ്‍കത്ത്: ഒമാനില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയ രണ്ട് പ്രവാസികള്‍ക്ക് 2000 റിയാല്‍ പിഴ ചുമത്തി. ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിയ ജലാന്‍ ബാനി ബു അലി വിലായത്തിലാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പ്രൊട്ടക്ഷന്‍ അതോരിറ്റിയുടെ നടപടി. പതിവ് പരിശോധനകള്‍ക്കിടെ സംശയം തോന്നിയ അധികൃതര്‍ വിശദമായ പരിശോധന നടത്തിയപ്പോഴാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.

കടകളിലും മാര്‍ക്കറ്റുകളിലും പതിവ് പരിശോധന നടത്തുന്നതിനിടെ ഒരാള്‍ പുകയില ഉത്പന്നങ്ങളുടെ കവറുകള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 180 പാക്കറ്റ് പാന്‍മസാല പിടിച്ചെടുത്തത്. തൊട്ടടുത്തുള്ള ഒരു കടയിലായിരുന്നു സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രവാസികള്‍ രണ്ട് പേരും കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത പാന്‍മസാല പാക്കറ്റുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.