കൊച്ചി: പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ദമ്മാമില്‍ നിന്നും സിംഗപ്പൂരിൽ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. ദമാമിൽ നിന്ന്  174 യാത്രക്കാരുമായെത്തിയ  വിമാനം രാത്രി  8.10നാണ് കൊച്ചിയില്‍ എത്തിയത്. 

സിംഗപ്പൂരിൽ നിന്ന് ബെംഗളൂര്‍ വഴി കൊച്ചിയിൽ രാത്രി 10.50 ന് എത്തിയ വിമാനത്തിൽ 138 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്കും വീടുകളിലേക്കും നിരീക്ഷണത്തിൽ കഴിയാനായി അയക്കും. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും എന്നും അധികൃതർ അറിയിച്ചു. 

അതേസമയം ദുബായിൽ നിന്നും 182 പേരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് 7.20 ന് കണ്ണൂർ വിമാനത്താവളത്തില്‍ എത്തി.  ഇന്നെത്തിയവരിൽ 109 പേർ കണ്ണൂർ സ്വദേശികളും 48 പേർ കാസർകോട് സ്വദേശികളുമാണ്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലക്കാരാണ് ബാക്കിയുള്ളവർ.  ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവരിൽ രണ്ട് പേർക്ക് കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി.

ഇരുവരേയും അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.  102 പേരെ കെഎസ്ആർടിസി ബസുകളിൽ  അതത് ജില്ലകളിലെ കൊവിഡ് കെയര്‍ സെന്‍ററുകളിലേക്ക് മാറ്റി. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി സ്വന്തം വാഹനങ്ങളിലും പ്രീപെയ്ഡ് ടാക്‌സികളിലുമായി വിട്ടു.