എടിഎമ്മുകള്‍ക്ക് സമീപം നിലയുറപ്പിച്ച് ഉപഭോക്താക്കളെ നിരീക്ഷിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. പണം പിന്‍വലിക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ സമീപിക്കുകയും അവരുടെ കാര്‍ഡുകളുടെ പിന്‍ നമ്പറുകള്‍ കൈക്കലാക്കുകയും ചെയ്യും. 

റിയാദ്: എടിഎമ്മുകളില്‍ നിന്ന് പണമെടുക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ സംഘം ജിദ്ദയില്‍ പിടിയിലായി. അനധികൃതമായി രാജ്യത്ത് താമസിക്കുകയായിരുന്ന രണ്ട് യെമനി യുവാക്കളെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തത്. വിവിധയിടങ്ങളില്‍ നിന്ന് ഇവര്‍ 49,000 റിയാല്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്.

എടിഎമ്മുകള്‍ക്ക് സമീപം നിലയുറപ്പിച്ച് ഉപഭോക്താക്കളെ നിരീക്ഷിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. പണം പിന്‍വലിക്കാന്‍ സഹായിക്കാനെന്ന വ്യാജേന വയോജനങ്ങളെ സമീപിക്കുകയും അവരുടെ കാര്‍ഡുകളുടെ പിന്‍ നമ്പറുകള്‍ കൈക്കലാക്കുകയും ചെയ്യും. ഇടപാടുകള്‍ക്ക് ശേഷം തന്ത്രപൂര്‍വം മറ്റൊരു കാര്‍ഡായിരിക്കും തിരികെ നല്‍കുന്നത്. പിന്നീട് തട്ടിയെടുത്ത കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു രീതി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍‌ പൂര്‍ത്തിയാക്കി കേസ്, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.