റാസല്‍ഖൈമ: അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48),  ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. റാസല്‍ഖൈമയിലെ ജസീറയിലെ സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി ടയര്‍ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബംഗ്ലാദേശ് സ്വദേശി സംഭവ സ്ഥലത്തുവെച്ചും നിസാര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലുള്ള നിസാര്‍, വിസ ക്യാന്‍സല്‍ ചെയ്ത് അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഷീജ, പിതാവ്: ഹമീദ് കുട്ടി, മാതാവ്: ഖദീജ ബീവി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.