Asianet News MalayalamAsianet News Malayalam

സൗദിയില്‍ റസ്റ്റോറൻറ് തകർന്ന് മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇ

two Indian expatriates including a keralite died in Saudi Arabia after a restaurant building collapsed
Author
Riyadh Saudi Arabia, First Published Mar 15, 2020, 5:04 PM IST

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ മലയാളികൾ നടത്തുന്ന റസ്റ്റോറൻറ് തകർന്നുവീണ് മലയാളിയും തമിഴ്നാട്ടുകാരനും മരിച്ചു. റിയാദ് നഗരത്തിന്റെ  കിഴക്കുഭാഗമായ റൗദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറൻറിലാണ് ഞായറാഴ്ച രാവിലെ ഒമ്പതോടെ അപകടമുണ്ടായത്. കായംകുളം  കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടി (60) ഉം തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു. 

കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്ഡും റസ്റ്റോറൻറിന്റെ ബോർഡും അടക്കമുള്ളവ നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോൾ തന്നെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.

പ്രഭാത ഭക്ഷണത്തിന്റെ സമയമായിരുന്നതിനാൽ നിരവധിയാളുകൾ റെസ്റ്റോറൻറിൽ ഉണ്ടായിരുന്നു. മരിച്ച അബ്ദുൽ അസീസ് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തിയിരുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം ഹോട്ടലിന്റെ തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

Follow Us:
Download App:
  • android
  • ios