ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിന് നന്ദിയുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. വമ്പന്‍ സമ്മാനമാണ് രണ്ട് പ്രവാസികൾക്കും ലഭിച്ചത്. 

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടര കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി രണ്ട് പ്രവാസി ഇന്ത്യക്കാര്‍. 69കാരനായ അമിന്‍ വിരാനി, പീറ്റര്‍ ഡി സില്‍വ എന്നിവരാണ് 10 ലക്ഷം ഡോളര്‍ സ്വന്തമാക്കിയ ഇന്ത്യക്കാര്‍.

ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ സീരീസ് 505ലാണ് അമിന്‍ സ്വപ്ന വിജയം സ്വന്തമാക്കിയത്. ജൂൺ നാലിന് ഓൺലൈനായി വാങ്ങിയ 0864 നമ്പര്‍ ടിക്കറ്റാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീയുടെ സ്ഥിരം ഉപഭോക്താവായ ഇദ്ദേഹം അഞ്ച് ടിക്കറ്റുകളാണ് വാങ്ങിയത്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോലിയില്‍ നിന്ന് വിരമിച്ച തന്‍റെ വിശ്രമ ജീവിതത്തിലെ പദ്ധതികള്‍ക്ക് ഇത് വലിയ സഹായകമാകുമെന്ന് അമിന്‍ പറഞ്ഞു.

അജ്മാനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ പീറ്റര്‍ ഡി സില്‍വയാണ് ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സ്വന്തമാക്കിയ മറ്റൊരു ഭാഗ്യശാലി. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 506 നറുക്കെടുപ്പില്‍ 2593 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തെ വിജയിയാക്കിയത്. ജൂൺ 12ന് ഓൺലൈനായാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. 2011 മുതല്‍ അജ്മാനില്‍ ജോലി ചെയ്യുന്ന പീറ്റര്‍ 2019 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ്. ദുബൈയിലെ ഒരു എഞ്ചിനീയറിങ് കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയാണ് അദ്ദേഹം. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദിയുണ്ടെന്നും ഇതൊരു സ്വപ്നസാക്ഷാത്കാരം ആണന്നും പീറ്റര്‍ പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷന്‍ 1999ല്‍ തുടങ്ങിയത് മുതലുള്ള വിജയികളില്‍ 252-ാമത്തെയും253-ാമത്തെയും ഇന്ത്യക്കാരാണ് അമിനും പീറ്ററും.