അബുദാബി: മാതാപിതാക്കള്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സഹോദരിമാര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിച്ച് യുഎഇ. സഹോദരിമാരുടെ പഠനം, താമസസൗകര്യം എന്നിവയുടെ എല്ലാ ചെലവുകളും വഹിക്കുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സും(ജിഡിആര്‍എഫ്എ)ദുബൈ പൊലീസും അറിയിച്ചു. സഹോദരിമാരുടെ മുത്തശ്ശനും മുത്തശ്ശിക്കും ഇവര്‍ക്കൊപ്പം ദുബൈയില്‍ താമസിക്കാനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചു.

ദുബൈയിലെ കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലും റിപ്ടണ്‍ സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് പഠനം നടത്താന്‍ വേണ്ട മുഴുവന്‍ സ്‌കോളര്‍ഷിപ്പും, ഇവര്‍ക്കും മുത്തശ്ശനും മുത്തശ്ശിക്കും താമസിക്കാനുള്ള സൗകര്യവും നല്‍കും. പിതാവിന്റെ മരണത്തിന് ശേഷം  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സിലെ(സിഐഡി) വിക്ടിം സപ്പോര്‍ട്ട് പ്രോഗ്രാം വഴി പെണ്‍കുട്ടികളുമായി സംസാരിക്കുകയും ഇവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തതായി ക്യാപ്റ്റന്‍ ഡോ. അബ്ദുള്ള അല്‍ ശൈഖ് പറഞ്ഞു. ഇന്ത്യയിലുള്ള ഇവരുടെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം താമസിക്കാനായി കൊവിഡ് സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യന്‍ അധികൃതരുമായി സഹകരിച്ച് പ്രത്യേക പെര്‍മിറ്റിനായി നിയമനടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ഇന്ത്യയിലെത്തിയ ശേഷവും പെണ്‍കുട്ടികളുമായി ദുബൈ പൊലീസ് സംസാരിച്ചിരുന്നു. ദുബൈയില്‍ താമസിച്ച് പഠനം പൂര്‍ത്തിയാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെപ്പറ്റി പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പിതാവിന് മക്കളുടെ യൂണിവേഴ്‌സിറ്റി പഠനം ദുബൈയില്‍ പൂര്‍ത്തിയാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നതായി ദുബൈ പൊലീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് റഫീ പറഞ്ഞു. തുടര്‍ന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുള്ള ഖലീഫ അല്‍ മര്‍റിയുടെ നേതൃത്വത്തില്‍ ഈ ആഗ്രഹം സഫലമാക്കാന്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു.

റിപ്ടണ്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ഡേവിഡ് കുക്ക്, കനേഡിയന്‍ യൂണിയവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കരിം ഷെല്ലി എന്നിവരും ദുബൈ പൊലീസുമായി സഹകരിച്ച് ഈ നല്ല തീരുമാനത്തിന് പിന്തുണ നല്‍കി. പെണ്‍കുട്ടികളിലൊരാള്‍ക്ക് കനേഡിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷത്തെ എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കാന്‍ മൂന്ന് ലക്ഷത്തോളം ദിര്‍ഹം അനുവദിച്ചതായി പ്രൊഫ. കരിം ഷെല്ലി പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ മാനവികതയുടെയും സഹാനുഭൂതിയുടെയും ഭാഗമായാണ് ഇവര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ തീരുമാനിച്ചതെന്ന് ലഫ്.ജനറല്‍ അല്‍ മര്‍റി പറഞ്ഞു.