റിയാദ്: റിയാദിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ബാലിക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. നഗരത്തിലെ ഖുർതുബ ഡിസ്ട്രിക്റ്റിൽ ഒരു പാപ്പിട കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ബാലികയ്ക്ക് നിസാരമായ പരിക്കാണ്.

മൂന്നു കുടുംബങ്ങള്‍ താമസിക്കുന്ന പുതിയ കെട്ടിടം കഴിഞ്ഞ മാസമാണ്  വാങ്ങിയത്. താമസക്കാരില്‍ ഭൂരിഭാഗവും സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലുമായ സമയത്തായതാണ് ആളപായത്തിന്‍റെ തോത് കുറച്ചത്. വാതകം ചോർന്നത് മൂലമുണ്ടായ സ്‌ഫോടനത്തില്‍ വീടിന്‍റെ മേൽക്കൂരയും ഭിത്തികളും തകർന്നു. കെട്ടിടത്തിന്‍റെ എല്ലാ ഭാഗങ്ങളിലും കേടുപാടുകള്‍ സംഭവിച്ചു.

സമീപത്തെ ചില കെട്ടിടങ്ങൾക്കും പൊട്ടിത്തെറിയില്‍ നിസാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉഗ്ര സ്‌ഫോടനത്തിന്‍റെ ശബ്‍ദം സമീപ പ്രദേശങ്ങളിലുള്ളവരെയെല്ലാം ഭീതിയിലാക്കി. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാ വിഭാഗത്തിന്‍റെയും പൊലീസിന്‍റെയും റെഡ്ക്രസൻറ് അതോറിറ്റിയുടെയും സഹായത്തോടെയാണ് സിവില്‍ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തിയത്.