ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 70 കടന്നു.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ഇ കെ മുഹ്‌സിന്‍(47), കൊല്ലം സ്വദേശി മജീദ് കുട്ടി(39)എന്നിവരാണ് മരിച്ചത്. ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 70 കടന്നു. 

കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹ്‌സിന്‍ ഇട്ടോല്‍ കളത്തില്‍ മസ്‌കറ്റില്‍ ഫയര്‍ എഞ്ചിനീയറിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് സ്വകാര്യ ആശുപത്രിയിലും അസുഖം മൂര്‍ച്ഛിച്ചതോടെ റോയല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ എം കെ അബ്ദുറഹീം, മാതാവ്: ഇ കെ അസ്മ, ഭാര്യ: ഹന്നത്ത്, മക്കള്‍: നജാഹ്, നാഫിഹ്, ഹമ്മാദ്, ഐമന്‍. മൃതദേഹം ഒമാനില്‍ ഖബറടക്കും. 

ഷാന്‍ സുഹാര്‍ ശിനാസിലെ അബൂബക്കറ എന്ന സ്ഥലത്ത് നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു കൊല്ലം കൊട്ടിയം സ്വദേശി മജീദ് കുട്ടി. താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വര്‍ഷങ്ങളായി ഒമാനില്‍ പ്രവാസിയാണ്. പിതാവ്: മജീദ് കുട്ടി, മാതാവ്: ലത്വീഫ, മക്കള്‍: സഈദലി, ഫാത്വിമ, ലത്വീഫ.