വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് വാങ്ങുന്ന പ്രവാസി മലയാളികളെ തേടിയാണ് ഒടുവില്‍ സമ്മാനമെത്തിയത്.
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിലൂടെ രണ്ട് മലയാളികള്‍ക്ക് വീണ്ടും ഭാഗമെത്തി. ദുബൈയിലും ബഹ്റൈനിലും താമസിക്കുന്ന രണ്ട് പ്രവാസി മലയാളികളാണ് സമ്മാനം നേടിയത്. അബുദാബി ബിഗ് ടിക്കറ്റിന്‍റെ ബിഗ് ടിക്കറ്റ് വിന്‍ കോണ്ടസ്റ്റ് സീരീസ് 276ലാണ് ഇവര്‍ സമ്മാനം നേടിയത്.
ദുബൈയില്‍ താമസിക്കുന്ന അബൂട്ടി തായ കണ്ടോത്ത് 80,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്. ബഹ്റൈനില്‍ നിന്നുള്ള സജീവ് ജി ആര്‍ 130,000 ദിര്‍ഹം ആണ് നേടിയത്. സെയില്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന 54കാരനായ അബൂട്ടി 33 വര്‍ഷമായി ദുബൈയില്‍ താമസിച്ച് വരികയാണ്. കുടുംബവും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സമ്മാന വിവരം അറിയിച്ച് കൊണ്ടുള്ള കോള്‍ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞെന്നും 10 വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ ഭാഗ്യമെത്തിയെന്നും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും അബൂട്ടി പറഞ്ഞു. കുടുംബത്തെ നല്ലൊരു അവധിക്കാലം ചെലവഴിക്കാന്‍ കൊണ്ടുപോകാന്‍ ഈ പണം ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടിക്കറ്റ് വാങ്ങുക, ശ്രമിക്കുക, ഒരു ദിവസം നിങ്ങളുടേതാകും - എന്നാണ് അദ്ദേഹത്തിന് മറ്റുള്ളവരോട് പറയാനുള്ളത്.
ബഹ്റൈനില്‍ താമസിക്കുന്ന 43കാരനായ സജീവ് ഡിസൈനറാണ്. കഴിഞ്ഞ 18 വര്‍ഷമായി ഇദ്ദേഹം ബഹ്റൈനില്‍ താമസിച്ച് വരികയാണ്. 13 സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ നാല് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സമ്മാനം നേടിയെന്ന് അറിയിച്ചുള്ള ഫോണ്‍ കോള്‍ ലഭിച്ചത് അവിശ്വസനീയമായ സന്തോഷം തന്ന നിമിഷമായിരുന്നു. എനിക്ക് മാത്രമല്ല എന്‍റെ സുഹൃത്തുക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് സന്തോഷത്തിന്‍റെ നിമിഷമായിരുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് സജീവ് പറഞ്ഞു. ഭാവിയില്‍ ഇതിലും വലിയ സമ്മാനം വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാവരും ബിഗ് ടിക്കറ്റ് വാങ്ങി ഭാഗ്യം പരീക്ഷിക്കണമെന്നുമാണ് സജീവിന് പറയാനുള്ളത്.
