ലൈസന്‍സില്ലാത്ത കമ്പനി നിലവാരം കുറഞ്ഞ വയറുകള്‍ ഉപയോഗിച്ച് വൈദ്യുതി ബന്ധം സ്ഥാപിച്ചതാണ് അപകടത്തിന് കാരണം. 

ദുബൈ: ദുബൈയില്‍ അലങ്കാരമത്സ്യക്കുളം വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ഏഷ്യക്കാര്‍ മരിച്ചു. മത്സ്യക്കുളത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെ ഷേക്കേറ്റ ഇരുവരും തല്‍ക്ഷണം മരിക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്തെത്തിയ വിദഗ്ധ സംഘം പരിശോധന നടത്തി.

ലൈസന്‍സില്ലാത്ത കമ്പനി നിലവാരം കുറഞ്ഞ വയറുകള്‍ ഉപയോഗിച്ച് വൈദ്യുതി ബന്ധം സ്ഥാപിച്ചതാണ് അപകടത്തിന് കാരണമെന്ന് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ വിഭാഗത്തിലെ ഫോറന്‍സിക് എഞ്ചിനീയറിങ് സെക്ഷന്‍ ഡയറക്ടര്‍ മേജര്‍ എഞ്ചിനീയര്‍ ഡോ. മുഹമ്മദ് അലി അല്‍ ഖാസിം പറഞ്ഞു. ഈ കമ്പനി ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയ വിദഗ്ധ അന്വേഷണ സംഘം രണ്ട് മൃതദേഹങ്ങളും ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരുന്നു. മത്സ്യക്കുളത്തിലേക്ക് വെള്ളം ഒഴുകുന്ന ഇലക്ട്രിക് പമ്പില്‍ നിന്നാണ് വൈദ്യുതി പ്രവാഹമുണ്ടായത്. പമ്പില്‍ ഉപയോഗിച്ചിരുന്നത് നിലവാരം കുറഞ്ഞ വയറുകളാണെന്നും ഇതിന്റെ തകരാര്‍ പരിഹരിക്കാത്താണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona