ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പേര്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് പരസ്‍പരം കുത്തിയാണെന്ന് പ്രാഥമിക നിഗമനം‍.  ചൊവ്വാഴ്‍ച മദാം ഏരിയയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരുടെയും ശരീരത്തില്‍ കുത്തേറ്റ നിരവധി മുറിവുകളുണ്ടായിരുന്നു. രക്തം പുരണ്ട രണ്ട് കത്തികളും മൃതദേഹത്തിനടുത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. 

ഒരു കണ്‍സ്‍ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇരുവരും. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പരസ്‍പരം കുത്തിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രണ്ട് മൃതദേഹങ്ങളിലും എട്ടോളം മുറിവുകളുണ്ടായിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഷാര്‍ജ പൊലീസ് പ്രോസിക്യൂഷന് കൈമാറി.

രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന വിവരമായിരുന്നു പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് സി.ഐ.ഡി, ഫോറന്‍സിക്, ക്രൈം സീന്‍, പട്രോള്‍ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വയറ്റില്‍ നിരവധി തവണ കുത്തേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പൊലീസ് സ്ഥലത്തുനിന്ന് തെളിവ് ശേഖരിച്ചശേഷം മൃതദേഹങ്ങള്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.