ബിനാമി ബിസിനസ് നടത്തുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും രണ്ടു വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 

ദമാം: സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ ഈജിപ്ഷ്യൻ പൗരനും സൗദി പൗരനും 20 ലക്ഷം റിയാല്‍ പിഴയും മൂന്ന് മാസം വീതം തടവും ശിക്ഷ വിധിച്ചു. ബിനാമി ബിസിനസിന് സൗകര്യം ഒരുക്കിയതിനാണ് സൗദി പൗരനെ ശിക്ഷിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഈജിപ്ഷ്യൻ പൗരനെ നാടുകടത്തും. ഇരുവരും ചേർന്ന് നടത്തിയ വ്യാപാര സ്ഥാപനം അടച്ചുപൂട്ടാനും ലൈസൻസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

ബിനാമി ബിസിനസിന് രണ്ട് വർഷം വരെ തടവാണ് സൗദിയിൽ പരമാവധി ശിക്ഷ. കോൺട്രാക്ടിംഗ് മേഖലയിൽ ബിനാമി ബിസിനസ് നടത്തിയ ബഹാഉദ്ദീന്‍ എന്ന ഈജിപ്ഷ്യന്‍ പൗരനെയാണ് ദമാം കോടതി ശിക്ഷിച്ചത്. പത്തു ലക്ഷം റിയാല്‍ പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷ. ഇതേ മേഖലയില്‍ സ്വന്തം നിലയ്ക്ക് സ്ഥാപനം നടത്തുന്നതിന് വിദേശിക്ക് സഹായം ചെയ്തതതിനാണ് സ്വദേശിയായ സ്വലാഹ് ബിൻ അബ്ദുള്ളയെ ശിക്ഷിച്ചത്‌.

സൗദി പൗരനും വിദേശിയുടേതിന് സമാനമായ ശിക്ഷയാണ് കോടതി വിധിച്ചത്. സമാന നിലയില്‍ കച്ചവടം ചെയ്യുന്നതിനും വിലക്കുമുണ്ട്. കൂടാതെ ഇരുവരുടേയും പേരുവിവരങ്ങൾ സ്വന്തം ചെലവില്‍ പ്രദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും വിധി ന്യായത്തില്‍ കോടതി നിര്‍ദേശിച്ചു. ബിനാമി ബിസിനസ് നടത്തുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും രണ്ടു വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.