പുതുവർഷത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ സജ്ജം. റെക്കോർഡുകൾ തകർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോകളുമാണ് ഒരുങ്ങുന്നത്. അബുദാബിയിലെ അൽ വത്ബയിലുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇത്തവണ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.

അബുദാബി: 2026നെ വരവേൽക്കാൻ യുഎഇ സജ്ജമായി. ലോകം ഉറ്റുനോക്കുന്ന അത്യാധുനിക വെടിക്കെട്ടുകളും ഡ്രോൺ പ്രദർശനങ്ങളുമായാണ് യുഎഇ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടുള്ള വമ്പൻ ഒരുക്കങ്ങളാണ് അബുദാബി, ദുബായ്, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ പൂർത്തിയായത്.

62 മിനിറ്റ് നീളുന്ന വെടിക്കെട്ട്

അബുദാബിയിലെ അൽ വത്ബയിലുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇത്തവണ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന റെക്കോർഡ് വെടിക്കെട്ടാണ് ഇവിടെ നടക്കുക. ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനത്തിൽ 6,500 ഡ്രോണുകൾ ആകാശത്ത് വിസ്മയം തീർക്കും. ഡിജിറ്റൽ കൗണ്ട്‌ഡൗണിനൊപ്പം ഒൻപത് കൂറ്റൻ ആകാശരൂപങ്ങളും ആകാശത്ത് തെളിയും. അഞ്ച് ഗിന്നസ് റെക്കോർഡുകളാണ് ഇവിടെ അധികൃതർ ലക്ഷ്യമിടുന്നത്.

റാസൽഖൈമ: റാസൽഖൈമയുടെ തീരദേശത്ത് ആറ് കിലോമീറ്റർ നീളത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്.

റെക്കോർഡ് ലക്ഷ്യം: ലോകത്തിലെ ഏറ്റവും വലിയ ഒറ്റ വെടിക്കെട്ട് വിക്ഷേപിച്ച് പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമം.

ഡ്രോൺ വിസ്മയം: മർജാൻ ഐലൻഡിന് മുകളിൽ 2,300-ലധികം ഡ്രോണുകൾ അണിനിരക്കും. ഇതിനോടകം 14 ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ റാസൽഖൈമ ഇത്തവണയും വിസ്മയിപ്പിക്കുമെന്ന് ഉറപ്പാണ്.

ദുബൈ: ദുബൈയിലെ ആഘോഷങ്ങളിൽ പ്രധാനം പതിവുപോലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തന്നെയായിരിക്കും. ദുബൈയിൽ 40 ഇടങ്ങളിലായി 48 വെടിക്കെട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വൻ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

40 കേന്ദ്രങ്ങൾ

ബുർജ് ഖലീഫ കൂടാതെ ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ദി പാം, ബ്ലൂവാട്ടേഴ്സ്, ജെബിആർ ബീച്ച്, ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ് തുടങ്ങി നഗരത്തിന്റെ 40-ഓളം കേന്ദ്രങ്ങളിൽ വെടിക്കെട്ട് നടക്കും.

മറ്റ് എമിറേറ്റുകൾ

ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട്, അബുദാബി കോർണിഷ് എന്നിവിടങ്ങളിലും വൻതോതിലുള്ള ആഘോഷങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും വൻ തിരക്ക് പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും അധികൃതർ കർശനമാക്കിയിട്ടുണ്ട്.