റാസല്‍ഖൈമ: അമിതമായ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ചേര്‍ന്നാണ് വീട്ടില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

അമിതമായ അളവില്‍ ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഉപയോഗിച്ചതിന് പുറമെ മദ്യപിക്കുകയും ചെയ്തതോടെ അവശനിലയിലായ യുവതിയാണ് മരിച്ചത്. അറസ്റ്റിലായ രണ്ട് യുവതികളെയും കഴിഞ്ഞ ദിവസം റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. മരണപ്പെട്ടയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയത് തങ്ങളാണെന്ന് സമ്മതിച്ച ഇവര്‍ പക്ഷേ തങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം ലഹരി ഉപയോഗിച്ചാണ് അപകടം സംഭവിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

പ്രതികളിലൊരാളുടെ വീട്ടില്‍ വെച്ചാണ് മൂന്ന് യുവതികളും ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചത്. അമിതമായി ലഹരി ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഒരാള്‍ ബോധരഹിതയായതോടെ ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് യുവതി മരിച്ചു. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളിലൊരാളുടെ ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തെങ്കിലും താന്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. കേസ് കോടതി മാറ്റി വെച്ചിരിക്കുകയാണിപ്പോള്‍.