ദുബൈ: ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് യുവതികള്‍ ദുബൈയില്‍ അറസ്റ്റില്‍. അതിക്രമം നടത്തിയതില്‍ കുറ്റക്കാരനെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് യുവതികള്‍ ഉദ്യോഗസ്ഥന്റെ വീഡിയോ പകര്‍ത്തിയതെന്ന് ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ജല്ലാഫ് പറഞ്ഞു.

ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവതികള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിച്ചില്ലെന്നും ബ്രിഗേഡിയര്‍ അല്‍ജല്ലാഫ് കൂട്ടിച്ചേര്‍ത്തു. യുഎഇ സൈബര്‍ ക്രൈം നിയമം അനുസരിച്ച് പ്രതികള്‍ക്ക് ചുരുങ്ങിയത് ആറുമാസം ജയില്‍ശിക്ഷയും 150,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കാമെന്ന് പൊലീസ് പറഞ്ഞു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.