ദുബൈ: മസാജിനായി വിളിച്ചുവരുത്തി പണവും ബാങ്ക് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് വിദേശ വനിതകള്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 28ഉം 31ഉം വയസ് പ്രായമുള്ള നൈജീരിയക്കാരാണ് 40കാരനായ ഇന്ത്യക്കാരനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണത്തിന് പുറമെ കാര്‍ഡ് കൈക്കലാക്കി അതില്‍ നിന്ന് 33,600 ദിര്‍ഹവും കൊള്ളയടിച്ചു. കേസിലെ മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

ജൂണ്‍ 26ന് നടന്ന സംഭവത്തില്‍ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തത്. വിദേശിയായ യുവതിയെ ഒരു ഡേറ്റിങ് സൈറ്റിലൂടെയാണ് താന്‍ പരിചയപ്പെട്ടതെന്ന് ഇന്ത്യക്കാരന്‍ പറഞ്ഞു. പിന്നീട് മൊബൈല്‍ നമ്പര്‍ കൈമാറി. 500 ദിര്‍ഹത്തിന് മസാജ് വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം രാത്രി 11.30ഓടെയാണ് ഒരു ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റിലെത്തിയത്.

ഒരു ആഫ്രിക്കക്കാരിയാണ് തനിക്ക് വാതില്‍ തുറന്നുതന്നതെന്നും താന്‍ അകത്ത് കയറിയതോടെ അവര്‍ വാതില്‍ പൂട്ടിയെന്നും പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. ആഫ്രിക്കക്കാരായ ഏതാനും സ്ത്രീകളും പുരുഷന്മാരും കൂടി സ്ഥലത്തെത്തി. തന്നെ ബലമായി പിടിച്ചിരുത്തിയ ശേഷം പഴ്‍സ് കൈക്കലാക്കി. അതിലുണ്ടായിരുന്ന 600 ദിര്‍ഹവും രണ്ട് ക്രെഡിറ്റ് കാര്‍ഡുകളുമെടുത്തു. കാര്‍ഡുകളുടെ പിന്‍ ആവശ്യപ്പെട്ട് രണ്ട് മണിക്കൂറോളം അവിടെ കെട്ടിയിട്ടു. ഭീഷണിപ്പെടുത്തി പിന്‍ സ്വന്തമാക്കിയ ശേഷം 33,600 ദിര്‍ഹം പിന്‍വലിച്ചു. പിന്നീട് പഴ്‍സും കാര്‍ഡുകളും മൊബൈല്‍ ഫോണും തിരികെ നല്‍കുകയും പോകാന്‍ അനുവദിക്കുകയും ചെയ്‍തു. ഉടന്‍ തന്നെ സംഭവം പൊലീസിനെ അറിയിച്ചു.

കേസില്‍ പിടിയിലായ രണ്ട് സ്ത്രീകളും സമാനമായ വേറെയും കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഇരുവരെയും പരാതിക്കാരന്‍ തിരിച്ചറിയുകയും ചെയ്തു. ടീകോം ഏരിയയിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവമെന്നും ഇയാള്‍ പറഞ്ഞു. അക്കൌണ്ടില്‍ നിന്ന് പ്രതികള്‍ പണം പിന്‍വലിച്ചത് തെളിയിക്കുന്ന സ്‍റ്റേറ്റ്മെന്റും ഹാജരാക്കി. പരിക്കുകള്‍ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കേസ് ഫയലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ ഡിസംബര്‍ 20ന് വിചാരണ തുടരും.