ബഹ്റൈനിലെ ഒരു ഹോട്ടലില്‍ നല്ല ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍താണ് സ്വന്തം നാട്ടുകാരിയായ യുവതിയെ പ്രതികള്‍ കൊണ്ടുവന്നത്. എന്നാല്‍ ബഹ്റൈനിലെത്തിയ ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. 

മനാമ: ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്ന് കൊണ്ടുവന്ന യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രവാസി വനിതകള്‍ ബഹ്റൈനില്‍ അറസ്റ്റിലായി. മനുഷ്യക്കടത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഇരുവരെയും അടുത്തമാസം കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബഹ്റൈന്‍ ഹൈ ക്രിമനല്‍ കോടതിയില്‍ മേയ് 15ന് കേസിന്റെ വിചാരണ തുടങ്ങും. 

ബഹ്റൈനിലെ ഒരു ഹോട്ടലില്‍ നല്ല ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍താണ് സ്വന്തം നാട്ടുകാരിയായ യുവതിയെ പ്രതികള്‍ കൊണ്ടുവന്നത്. എന്നാല്‍ ബഹ്റൈനിലെത്തിയ ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇവര്‍ കൊണ്ടുവരുന്ന പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ച് ഒരു അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിടുകയും ചെയ്‍തു.

യുവതിയുടെ പാസ്‍പോര്‍ട്ടും പ്രതികള്‍ പിടിച്ചുവെച്ചിരുന്നു. മോചിപ്പിക്കണമെങ്കില്‍ 2000 ദിനാര്‍ (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ തന്റെ അവസ്ഥ സ്വന്തം രാജ്യത്തിന്റെ എംബസിയെ അറിയിക്കാന്‍ യുവതിക്ക് സാധിച്ചതോടെയാണ് ഒടുവില്‍ മോചനത്തിനുള്ള വഴി തെളിഞ്ഞത്. പൊലീസ് സംഘം യുവതിയെ പൂട്ടിയിട്ടിരുന്ന അപ്പാര്‍ട്ട്മെന്റിലെത്തി ഇവരെ മോചിപ്പിച്ചു. 

ഉപദ്രവമേല്‍പ്പിക്കല്‍, തടങ്കലില്‍ വെയ്‍ക്കല്‍, വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുക തുടങ്ങിയ കുറ്റങ്ങളാണ് രണ്ട് പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയെ സംരക്ഷണ കേന്ദ്രമായ ദാറുല്‍ അമാനിലേക്ക് മാറ്റി.