ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ട്രക്കിലേക്ക് ബസ് ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ്‍ റോഡില്‍ നിര്‍ത്തിയിടേണ്ടിവന്ന ട്രക്കിലേക്കാണ് ബസ് ഇടിച്ചുകയറിയത്.
ദുബൈ: വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം അപകടങ്ങളില്‍ ഒരാള്‍ മരണപ്പെടുകയും മറ്റ് ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്‍ച ഉച്ചയ്‍ക്ക് ട്രക്കിലേക്ക് ബസ് ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് എമിറേറ്റ്സ്‍ റോഡില്‍ നിര്‍ത്തിയിടേണ്ടിവന്ന ട്രക്കിലേക്കാണ് ബസ് ഇടിച്ചുകയറിയത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലീസ് അറിയിച്ചു. ചൊവ്വാഴ്‍ച തന്നെ വൈകുന്നേരം 7.30ഓടെ റാസ് അല്‍ ഖോറിലുണ്ടായ അപകടത്തില്‍ മിനി ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടമായി റോഡില്‍ നിന്ന് വശത്തേക്ക് തെന്നി മാറിയ വാഹനം കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
രാത്രിയില്‍ കാര്‍ റോഡരികിലെ ബാരിയറിലേക്ക് ഇടിച്ചുകയറിയ മറ്റൊരു അപകടവും ദുബൈയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തത് കാരണം കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും ഒരാള്‍ക്ക് പരിക്കേറ്റു.
വാഹനങ്ങള്‍ ഓടിക്കുന്നവര്‍ അവയുടെ ടയറുകള്‍ പരിശോധിക്കണമെന്നും കാലഹരണപ്പെട്ടവ ഉടന്‍ തന്നെ മാറ്റണമെന്നും ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമ സലീം ബിന്‍ സുവൈദാന്‍ പറഞ്ഞു. ഉടര്‍ന്ന അന്തരീക്ഷ താപനില ടയറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമാവുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
