ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് വ്യോമാതിർത്തികൾ അടച്ചതോടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തുടങ്ങി

അബുദാബി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തിട്ടുള്ള വിമാന സർവീസുകളുടെ വിവരങ്ങൾ പുറത്തുവിട്ട് യുഎഇ എയർലൈൻസ് കമ്പനികൾ. നിലവിൽ സംഘർഷം തുടരുകയും വ്യോമാതിർത്തികൾ അടച്ചിടുകയും ചെയ്തതോടെ ഇന്നലത്തെ എല്ലാ വിമാന സർവീസുകളും ഷാർജ എയർലൈനായ എയർ അറേബ്യ റദ്ദാക്കിയിരുന്നു. ഇറാൻ, ഇറാഖ്, റഷ്യ, അർമേനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ നിർത്തിവെച്ചതായും എയർ അറേബ്യ അറിയിച്ചു. ജോർദാനിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സർവീസുകളും റദ്ദാക്കി.

ഷാർജ, അബുദാബി എന്നീ സ്ഥലങ്ങളിലൂടെ മേൽപ്പറഞ്ഞ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കണക്ടിങ് ഫ്ലൈറ്റുകളിൽ യാത്ര ചെയ്യുന്നവർ വിമാന സർവീസുകളുടെ തത്സമയ അപ്ഡേറ്റുകൾ നിരീക്ഷിക്കണമെന്നും സർവീസുകൾ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ യാത്ര ആരംഭിക്കേണ്ട വിമാനത്താവളങ്ങളിൽ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്നും എയർഅറേബ്യ വിമാനക്കമ്പനി വ്യക്തമാക്കി.

അബുദാബിയിൽ നിന്നും ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ജൂൺ 21ലേക്ക് പുനഃക്രമീകരിച്ചതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു. EY581 വിമാനം അബുദാബിയിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10ന് ബെയ്റൂട്ടിൽ എത്തുമെന്ന് എയർലൈൻ അറിയിച്ചു. അതേസമയം, EY582 വിമാനം ഉച്ചയ്ക്ക് 2.05ന് ബെയ്റൂട്ടിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 7 മണിക്ക് അബുദാബിയിൽ എത്തും. EY583 വിമാനം ഉച്ചയ്ക്ക് 2 മണിക്ക് അബുദാബിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.05ന് ബെയ്റൂട്ടിൽ എത്തും. EY584 വിമാനം വൈകുന്നേരം 6 മണിക്ക് ബെയ്റൂട്ടിൽ നിന്ന് പുറപ്പെട്ട് രാത്രി 10.55ന് അബുദാബിയിലും എത്തും.

ജോർദാൻ (അമ്മാൻ), ലെബനൻ (ബെയ്റൂട്ട്) എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ജൂൺ 22 വരെ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. അതേസമയം, ഇറാൻ (തെഹ്‌റാൻ), ഇറാഖ് (ബാഗ്ദാദ്, ബസ്ര) എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെയും നിർത്തിവെച്ചിട്ടുണ്ട്. ഇറാൻ, ഇറാഖ്, ഇസ്രായേൽ, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ നിർത്തിവയ്ക്കുമെന്ന് ദുബായ് വിമാനക്കമ്പനിയായ ഫ്ലൈദുബായ് പ്രഖ്യാപിച്ചിരുന്നു.