ദുബായ്: സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി. കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ട്‌പേര്‍കൂടി മരിച്ചു. ഗല്‍ഫില്‍ മരണസംഖ്യ 18ആയി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ജോലികള്‍ നിയന്ത്രിക്കുന്നതിന് യുഎഇ മാനവശേഷി-സ്വദേശിവല്‍കരണ മന്ത്രാലയം അനുമതി നല്‍കി. ഇതനുസരിച്ച്, അധിക ജീവനക്കാരുടെ സേവനം തല്‍ക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ കമ്പനികള്‍ക്ക് സാധിക്കും. 

ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ-ദീര്‍ഘകാല അവധി നല്‍കാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനും അനുമതിയും നല്‍കിയിട്ടുണ്ട്. അതുമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്യാമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയില്‍പെട്ട കമ്പനികള്‍ക്ക് അതിജീവനത്തിനു വഴിയൊരുക്കുന്ന ഭാഗമായാണ് നിര്‍ദ്ദേശം. 

തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ അവര്‍ക്ക് മറ്റു സ്ഥാപനങ്ങളില്‍ ജോലി നേടാനുള്ള സാവകാശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. 

അതത് കമ്പനികള്‍ തന്നെ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളില്‍ ജോലി ലഭ്യമാക്കാന്‍ അവരമൊരുക്കണമെന്നും നിര്‍ദേശിക്കുന്നു. മറ്റു ജോലി കിട്ടുന്നതുവരെ താമസസ്ഥലത്തു തുടരാന്‍ അനുവദിക്കുകയും ഇവര്‍ക്ക് കുടിശ്ശികയുള്ള ആനുകൂല്യം നല്‍കുകയും വേണമെന്നു മന്ത്രാലയം വ്യക്തമാക്കി.

സ്വദേശി ജീവനക്കാര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തീരുമാനം മലയാളികളടക്കമുള്ള വിദേശികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം യുഎഇയില്‍ സ്‌കൂള്‍ പഠനം ജൂണ്‍ മാസം വരെ വീട്ടിലിരുന്ന് മതിയെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.  ഇ ലേണിംഗ് നിയമം തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയിട്ടുണ്ട്. കോവിഡ് 19 ബാധിച്ച് ഇന്ന് രണ്ടു പേര്‍ കൂടി മരിച്ചതോടെ യുഎഇയില്‍ മരണസംഖ്യ അഞ്ചായി. പുതുതായി 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.