അബുദാബി: ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ കാലാവധി നീട്ടി. നാളെ അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് ഡിസംബര്‍ ഒന്നുവരെയാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് യുഎഇ ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 

ഒക്ടോബര്‍ 31ന് പൊതുമാപ്പ് അവസാനിക്കുമെന്നാണ് യുഎഇ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്ദ്യോഗസ്ഥരും പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ഔദ്ദ്യോഗികമായി യുഎഇ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനധികൃതമായി യുഎഇയില്‍ തങ്ങുന്ന തങ്ങളുടെ പൗരന്മാരില്‍ പലര്‍ക്കും ഈ സമയത്തിലുള്ളില്‍ രാജ്യം വിടാനോ, രേഖകള്‍ ശരിയാക്കാനോ കഴിഞ്ഞിട്ടില്ലെന്നാണ് എംബസികള്‍ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യം യുഎഇ പരിഗണിച്ചത്.

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കായി ഇതുവരെ 656 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളും ഹ്രസ്വ കാലാവധിയുള്ള 275  പാസ്പോര്‍ട്ടുകളും അനുവദിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസിഡന്‍ നവദ്വീപ് സിങ് സുരി അറിയിച്ചു. ദുബായില്‍ 3,332 എമര്‍ജന്‍സി എക്സിറ്റ് പാസുകളും 1638 താല്‍ക്കാലിക പാസ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസം കൂടി രാജ്യത്ത് ജോലി അന്വേഷിക്കാന്‍ തങ്ങുന്നവര്‍ക്കായാണ് താല്‍ക്കാലിക പാസ്‍പോര്‍ട്ട് ഇന്ത്യന്‍ എംബസി നല്‍കുന്നത്.