Asianet News MalayalamAsianet News Malayalam

റൈഡില്‍ നിന്ന് കുട്ടി നിലത്തുവീണു; അമ്യൂസ്‍മെന്റ് പാര്‍ക്കിന് 15 ലക്ഷം പിഴ ചുമത്തി യുഎഇ കോടതി

പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയായ സ്വദേശി പെണ്‍കുട്ടിയാണ് ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് താഴെ വീണത്. രക്ഷിതാക്കളും പാര്‍ക്ക് അധികൃതരും അറിയിച്ചതനുസരിച്ച് പൊലീസും ആംബുലന്‍സ് സംഘവും കുതിച്ചെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. 

uae amusement park fined over girls accident
Author
Abu Dhabi - United Arab Emirates, First Published Jul 8, 2019, 12:14 PM IST

അബുദാബി: റൈഡില്‍ നിന്ന് നിലത്തുവീണ് കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ അബുദാബിയിലെ അമ്യൂസ്‍മെന്റ് പാര്‍ക്കിന് കോടതി 80,000 ദിര്‍ഹം (15 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തി. പാര്‍ക്കിലെ നാല് ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ച കോടതി, നഷ്ടപരിഹാരം തേടി സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന് കുട്ടിയുടെ മാതാപിതാക്കളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെ ഒന്‍പത് വയസുകാരിയായ സ്വദേശി പെണ്‍കുട്ടിയാണ് ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് താഴെ വീണത്. രക്ഷിതാക്കളും പാര്‍ക്ക് അധികൃതരും അറിയിച്ചതനുസരിച്ച് പൊലീസും ആംബുലന്‍സ് സംഘവും കുതിച്ചെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പിന്‍ഭാഗത്തിനും കൈകള്‍ക്കും കാലുകള്‍ക്കുമാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്ക് പിഴവ് പറ്റിയതാണെന്നു വ്യക്തമായി. സുരക്ഷാ ബെല്‍റ്റ് ധരിപ്പിക്കാതെയാണ് കുട്ടികളെ റൈഡില്‍ ഇരുത്തിയത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബന്ധപ്പെട്ട ജീവനക്കാര്‍ സ്വീകരിച്ചിരുന്നില്ലെന്നും വ്യക്തമായി.

കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി പാര്‍ക്കിന് 80,000 ദിര്‍ഹം പിഴ ചുമത്തുകയും കുട്ടികളുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ജീവനക്കാരന് ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്തു. മറ്റ് മൂന്ന് ജീവനക്കാര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് കുട്ടിക്കുണ്ടായ ശാരീരിക മാനസിക ആഘാതത്തിന് നഷ്ടപരിഹാരം തേടി കോടതിയില്‍ സിവില്‍ ഹര്‍ജി ഫയല്‍ ചെയ്യാനും രക്ഷിതാക്കളോട് ജഡ്ജി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios