സന്ദര്‍ശകരെ പ്രവാസികൾക്കുള്ള കുറഞ്ഞ പ്രതിമാസ വരുമാന പരിധി നിശ്ചയിച്ച് ഐസിപി. പുതിയ നിയമമനുസരിച്ച്, അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം.

ദുബൈ: യുഎഇയിലേക്ക് സന്ദർശകരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്കുള്ള കുറഞ്ഞ പ്രതിമാസ വരുമാന പരിധി നിശ്ചയിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി). പുതിയ നിയമമനുസരിച്ച്, അടുത്ത ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് പ്രതിമാസം കുറഞ്ഞത് 4,000 ദിർഹം ശമ്പളം ഉണ്ടായിരിക്കണം. അടുത്ത ബന്ധുക്കളല്ലാത്ത, രണ്ടാം തലത്തിലുള്ളതോ മൂന്നാം തലത്തിലുള്ളതോ ആയ ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ പ്രതിമാസ ശമ്പളം കുറഞ്ഞത് 8,000 ദിർഹം ആയിരിക്കണം.

സുഹൃത്തുക്കളെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞത് 15,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. വിസ നടപടിക്രമങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും, സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിനും, കഴിവുള്ള വ്യക്തികളെ യുഎഇയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഐസിപിയുടെ വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് ഈ ശമ്പള നിബന്ധന.

വിസിറ്റ് വിസകളുടെ കാലാവധി, ദീർഘിപ്പിക്കാനുള്ള അധികാരം എന്നിവ ഈ പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. ആറ് തരം അനുവദനീയമായ താമസ കാലാവധിയാണ് ഇതിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് നടപടിക്രമങ്ങൾ ലളിതമാക്കാനും വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാനും അപേക്ഷകരെ സഹായിക്കും. ബിസിനസ് സാധ്യതകൾ തേടുന്ന വിസയ്ക്ക് അപേക്ഷിക്കുന്നയാൾക്ക് അതിനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണം. രാജ്യത്തിന് പുറത്ത് നിലനിൽക്കുന്ന കമ്പനിയിൽ പങ്കാളിത്തമോ വൈദഗ്ദ്യമോ വേണം. അല്ലെങ്കിൽ തെളിയിക്കപ്പെട്ട പ്രഫഷനൽ യോഗ്യത വേണം.