അബുദാബി: ഒരു വനിത ഉള്‍പ്പെടെ പുതിയ രണ്ട് ബഹിരാകാശ യാത്രികരെ കൂടി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം. നോറ അല്‍ മത്രൂഷിയാണ് ബഹിരാകാശ യാത്രാ സംഘത്തില്‍ ഉള്‍പ്പെട്ട ആദ്യ അറബ് വനിത. ഇതോടെ യുഎഇയുടെ ബഹിരാകാശ സഞ്ചാരികളുടെ എണ്ണം നാലായി. 

നോറ അല്‍ മത്രൂഷി, മുഹമ്മദ് അല്‍ മുല്ല എന്നിവരാണ് സംഘത്തിലെ പുതിയ അംഗങ്ങള്‍. നോറ അല്‍ മത്രൂഷിയുടെ പര്യടനം പൂര്‍ത്തിയാകുന്നതോടെ അറബ് ലോകത്ത് നിന്ന് ആദ്യമായി ബഹിരാകാശ യാത്രയ്ക്ക് വനിതയെ അയച്ച രാജ്യമെന്ന ഖ്യാതി യുഎഇയ്ക്ക് സ്വന്തമാകും. 4000 ത്തിലധികം അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തതെന്നും നാസ ബഹിരാകാശയാത്രാ പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം ഉടന്‍ ആരംഭിക്കുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. യുഎഇയുടെ പേര് വാനോളം ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

1,400 എമിറാത്തി വനിതകള്‍ ഉള്‍പ്പെട്ട 4305 അപേക്ഷകരില്‍ നിന്നാണ് രണ്ടാം ഘട്ടത്തില്‍ യുഎഇയുടെ ബഹിരാകാശ യാത്രാ സംഘത്തിലേക്ക് രണ്ടുപേരെ തെരഞ്ഞെടുത്തത്. നിരവധി ടെസ്റ്റുകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം അവസാന ലിസ്റ്റിലേക്കുള്ള 14 പേരെ തെരഞ്ഞെടുത്തു. ഒമ്പത് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ട ഈ പട്ടികയില്‍ നിന്നാണ് നോറ അല്‍ മത്രൂഷിയ്ക്കും മുഹമ്മദ് അല്‍ മുല്ലയ്ക്കും അവസരം ലഭിച്ചത്.