യാത്രാതടസ്സങ്ങൾ മൂലം യുഎഇയിൽ കുടുങ്ങിയ വിദേശികൾക്ക് വിസ നിയമവിധേയമാക്കാനോ പിഴയില്ലാതെ രാജ്യം വിടാനോ 30 ദിവസത്തെ ഇളവ് കാലയളവ് പ്രഖ്യാപിച്ചു. ജൂൺ 10 മുതൽ ജൂലൈ 9 വരെയാണ് ഈ ആനുകൂല്യം ലഭ്യമാകുക. വിസ കാലാവധി കഴിഞ്ഞവർക്ക് ഈ അവസരം ഉപയോഗിച്ച് തങ്ങളുടെ രേഖകൾ ശരിയാക്കുകയോ പിഴയൊന്നും കൂടാതെ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം.

അബുദാബി: മേഖലയിലെ അസാധാരണ സാഹചര്യങ്ങളും യാത്രാ തടസ്സങ്ങളും കാരണം യുഎഇയിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ കുടുങ്ങിപ്പോയ വിദേശികൾക്ക് വിസ നിയമവിധേയമാക്കാനോ പിഴയില്ലാതെ രാജ്യം വിടാനോ 30 ദിവസത്തെ ഇളവ് കാലയളവ് പ്രഖ്യാപിച്ച് യുഎഇ അധികൃതർ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 10 മുതൽ ജൂലൈ 9 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുക. മേഖലയിലെ അടിയന്തിര സാഹചര്യങ്ങളെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കപ്പെടുകയും വ്യോമപാതകൾ അടയ്ക്കുകയും ചെയ്തത് കാരണം മുൻപ് യുഎഇയിൽ നിന്ന് പോകാൻ കഴിയാതെ വിസ കാലാവധി കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വിസിറ്റ് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസ കാലാവധി കഴിഞ്ഞവർ, എക്സിറ്റ് പെർമിറ്റ് കാലാവധി കഴിഞ്ഞവർ, വിസ റദ്ദാക്കപ്പെട്ടിട്ടും നാട്ടിലേക്ക് പോകാൻ കഴിയാത്ത താമസക്കാർ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കഴിഞ്ഞ ഫെബ്രുവരി 28 മുതൽ ഇത്തരം പ്രതിസന്ധികളിൽ അകപ്പെട്ടവരെ വിസ കാലാവധി കഴിഞ്ഞതിനുള്ള കനത്ത പിഴകളിൽ നിന്ന് യുഎഇ സർക്കാർ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. നിലവിൽ മേഖലയിൽ സ്ഥിരത കൈവന്ന സാഹചര്യത്തിലാണ് ഐസിപി പുതിയ സമയപരിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾ മുൻകൂട്ടി പ്രത്യേക അപേക്ഷകളോ മറ്റ് നടപടിക്രമങ്ങളോ ചെയ്യേണ്ടതില്ല. യുഎഇയിൽ തുടർന്ന് ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഈ 30 ദിവസത്തിനകം തങ്ങളുടെ താമസ രേഖകൾ നിയമവിധേയമാക്കാം. അല്ലാത്തവർക്ക് നിലവിലുള്ള സാധാരണ യാത്രാ നടപടികൾ പൂർത്തിയാക്കി പിഴയൊന്നും നൽകാതെ നേരിട്ട് രാജ്യം വിടാവുന്നതാണ്.

അപ്രതീക്ഷിത പ്രതിസന്ധികളിൽ അകപ്പെടുന്ന സഞ്ചാരികളെയും സന്ദർശകരെയും അനാവശ്യ സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുക എന്നത് യുഎഇയുടെ മാനുഷികമായ സമീപനത്തിന്റെ ഭാഗമാണെന്ന് ഐസിപി വ്യക്തമാക്കി. ഇപ്പോൾ സാഹചര്യങ്ങൾ സാധാരണ നിലയിലായതിനാൽ നിയമങ്ങൾ കൃത്യമായി പാലിച്ച് മുന്നോട്ട് പോകാൻ ഈ അവസരം വിനിയോഗിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.