Asianet News MalayalamAsianet News Malayalam

പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ; ജോലി ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗപ്പെടുത്താനാവും

എല്ലാ വിസകളിലും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യം ലഭ്യമാവുകയും വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയും ചെയ്യും.

UAE announces new visas for jobs tourism and visit that too without the requirement of a sponsor
Author
Abu Dhabi - United Arab Emirates, First Published Apr 18, 2022, 8:33 PM IST

അബുദാബി: ജോലിയും സന്ദര്‍ശനവും ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ. സ്‍പോണ്‍സര്‍ ഇല്ലാതെ അനുവദിക്കുന്ന വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ വിവിധ കാലയളവ് ദൈര്‍ഘ്യമുള്ള വിസകളും ഇനി മുതല്‍ ലഭ്യമാവും. എല്ലാ വിസകളിലും സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി സൗകര്യം ലഭ്യമാവുകയും വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് വീണ്ടും പുതുക്കാന്‍ സാധിക്കുകയും ചെയ്യും.

തൊഴില്‍ വിസ
രാജ്യത്ത് ലഭ്യമാവുന്ന തൊഴില്‍ അവസരങ്ങളിലേക്ക് മികച്ച പ്രൊഫഷണലുകളെ എത്തിക്കാന്‍ ലക്ഷ്യമിട്ട് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസ എന്ന പുതിയ സംവിധാനമാണ് പ്രഖ്യാപിച്ചത്. യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിലെ ജോലികള്‍ ചെയ്യുന്നവര്‍ക്കും ലോകത്തിലെ മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവര്‍ക്കും ഈ വിസ ലഭിക്കും. ബിരുദമാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. ശമ്പളത്തില്‍ ഉള്‍പ്പെടെ മറ്റ് നിബന്ധനകളുമുണ്ട്.

ബിസിനസ് വിസ
നിക്ഷേപകരേയും സംരംഭകരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനായി നല്‍കുന്ന ഈ വിസയ്‍ക്ക് പ്രത്യേക സ്‍പോണ്‍സര്‍ ആവശ്യമില്ല. നിക്ഷേപകര്‍ക്ക് ബിസിനസ് വിസ നേടി യുഎഇയിലെത്തി നിക്ഷേപ അവസരങ്ങള്‍ തേടാം. 

ടൂറിസ്റ്റ് വിസ
സാധാരണ ടൂറിസ്റ്റ് വിസകള്‍ക്ക് പുറമെ അഞ്ച് വര്‍ഷത്തേക്ക് കാലവധിയുള്ളതും പല തവണ രാജ്യത്തിന് പുറത്തുപോയി മടങ്ങി വരാവുന്നതുമായ വിസകള്‍ ഇനി ലഭ്യമാവും. തുടര്‍ച്ചയായി 90 ദിവസം വരെയായിരിക്കും രാജ്യത്ത് തങ്ങാനാവുന്നതെങ്കിലും ഒരു തവണ കൂടി ദീര്‍ഘിപ്പിക്കാം. വര്‍ഷത്തില്‍ പരമാവധി 180 ദിവസം മാത്രമേ യുഎഇയില്‍ താമസിക്കാവൂ എന്നാണ് നിബന്ധന. ഈ വിസയ്‍ക്ക് സ്‍പോണ്‍സര്‍ ആവശ്യമില്ല. എന്നാല്‍ വിസയ്‍ക്ക് അപേക്ഷിക്കുന്നതിന് ആറ് മാസം മുമ്പ് വരെയെങ്കിലും 4000 ഡോളറോ തതുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.

സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കാന്‍
യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉള്ളവര്‍ക്ക്  സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പുതിയ വിസകള്‍ അനുവദിക്കും

താത്കാലിക ജോലികള്‍ക്ക്
പ്രൊബേഷന്‍ പോലെയോ പ്രൊജക്ടുകള്‍ക്ക് വേണ്ടിയോ മറ്റോ താത്കാലിക അടിസ്ഥാനത്തില്‍ യുഎഇയില്‍ ജോലിക്ക് എത്തുന്നവര്‍ക്ക് ഇത്തരം വിസകള്‍ ലഭിക്കും. ഇതിന് സ്‍പോണ്‍സര്‍ ആവശ്യമാണ്. തൊഴിലുടമയില്‍ നിന്നുള്ള താത്കാലിക തൊഴില്‍ കരാറോ അല്ലെങ്കില്‍ കത്തോ വേണം. ജോലിയുടെ സ്വഭാവം വിശദീകരിക്കുന്നതിന് പുറമോ ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും വേണം.

പഠനവും പരിശീലനവും
കോഴ്‍സുകള്‍ ചെയ്യുന്നതിനോ പരിശീലനങ്ങള്‍ക്കോ ഇന്റേണ്‍ഷിപ്പിനോ ആയി യുഎഇയില്‍ എത്തുന്നവര്‍ക്ക് വിസ ലഭിക്കും. പഠന, ഗവേഷണ സ്ഥാപനങ്ങളോ സര്‍വകലാശാലകളോ ആയിരിക്കും സ്‍പോണ്‍സര്‍മാര്‍. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇത്തരം വിസകള്‍ സ്‍പോണ്‍സര്‍ ചെയ്യാനാവും. സ്ഥാപനങ്ങളുടെ കത്ത് വിസ അനുവദിക്കാന്‍ ആവശ്യമാണ്.

Follow Us:
Download App:
  • android
  • ios