ദുബായ്: മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശ വിസയുടെ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിച്ച് യുഎഇ. ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിന്റി ആന്റ് സിറ്റിസണ്‍ഷിപ്പാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെയുള്ള അറിയിപ്പ് പ്രകാരം സന്ദര്‍ശക വിസയുടെ കാലാവധി കഴിയുന്നവര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയായിരുന്നു.

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ക്ക് ഓഗസ്റ്റ് 11  മുതല്‍ ഒരു മാസത്തെ സമയം കൂടി അനുവദിക്കുന്നുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ അറിയിപ്പ്. ഇക്കാലയളവില്‍ പിഴകളൊന്നും നല്‍കാതെ തന്നെ ഇവര്‍ക്ക് രാജ്യം വിടാം. അതേസമയം മാര്‍ച്ച് ഒന്നിന് മുമ്പ് എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചവര്‍ രാജ്യം വിടേണ്ട അവസാന തീയ്യതി ഓഗസ്റ്റ് 18 ആണ്. ഇതില്‍ ഇതുവരെ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സന്ദര്‍ശക വിസക്കാര്‍ക്ക് മടങ്ങേണ്ടിയിരുന്ന അവസാന തീയ്യതി അടുത്തതോടെ വന്ദേ ഭാരത് വിമാനങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കേറിയിരുന്നു.