ആറ് മാസത്തിന് ശേഷം നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ജോലിയില്‍ തിരികെ എടുക്കാന്‍ തയ്യാറാവുമെങ്കില്‍ അവിടെത്തന്നെ ജോലിയില്‍ പ്രവേശിക്കാം. 

അബുദാബി: കൊവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമാവുന്നവവര്‍ക്ക് താത്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസമോ ആറ് മാസമോ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റ് ഇങ്ങനെ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി ജോലി നഷ്ടമാകുന്നവര്‍ക്ക് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധപ്പെടാം.

ആറ് മാസത്തിന് ശേഷം നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനം തന്നെ ജോലിയില്‍ തിരികെ എടുക്കാന്‍ തയ്യാറാവുമെങ്കില്‍ അവിടെത്തന്നെ ജോലിയില്‍ പ്രവേശിക്കാം. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടം ഭയക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണിത്. സ്വകാര്യ മേഖലയിലെ കമ്പനികള്‍ തൊഴിലാളികളുമായി ധാരണയുണ്ടാക്കാതെ അവരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്നും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ലോകമെമ്പാടും വന്‍ തൊഴില്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ശമ്പളത്തില്‍ കുറവ് വരുത്താനും അവധി നല്‍കാനുമൊക്കെ നിരവധി രാജ്യങ്ങള്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.