അബുദാബി: യുഎഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ 70 വയസുകാരനും അദ്ദേഹത്തിന്റെ ഭാര്യയായ 64കാരിക്കുമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 70കാരന്റെ ആരോഗ്യനില മോശമാണ്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇതുവരെ 13 പേര്‍ക്കാണ് യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. വൈറസ് ബാധ പരക്കാതിരിക്കാന്‍, രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരെയും നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടയുടെ പഠനങ്ങള്‍ പ്രകാരം, കൊറോണ വൈറസ് ബാധിക്കുകയും പനി, ചുമ തുടങ്ങിയ താരതമ്യേന ലഘുവായ ലക്ഷണങ്ങള്‍ മാത്രം പുറത്തുകാണിക്കുകയും ചെയ്യുന്നവരെല്ലാം രോഗത്തെ അതിജീവിക്കുന്നുണ്ട്. ഇപ്പോഴത്തെ കൊറോണ വൈറസ് കാരണമുള്ള മരണ നിരക്ക് 0.2 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. എന്നാല്‍ രോഗം ബാധിക്കുന്നയാളുടെ പ്രായവും അയാള്‍ക്ക് നേരത്തെയുള്ള മറ്റ് ഗുരുതര രോഗങ്ങളും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.

പകര്‍ച്ചവ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശുദ്ധമായ വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.