ഉച്ചയ്ക്ക് 12:30നും 3:00നും ഇടയിലുള്ള സമയത്താണ് ജോലി ചെയ്യുന്നതിന് വിലക്ക്

ദുബൈ: യുഎഇയിൽ ഇന്ന് മുതൽ ഉച്ചസമയജോലികൾക്ക് നിരോധനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കുന്നതാണ് ഈ നിയമം. യുഎഇയിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിലാണിത്. ഉച്ചയ്ക്ക് 12:30നും 3:00നും ഇടയിലാണ് താപനില ഏറ്റവും കൂടുതൽ ഉയർന്നുനിൽക്കുന്നത്. ഈ സമയത്താണ് പുറംജോലികൾ ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമം സെപ്റ്റംബർ 15 വരെ തുടരും.

തുടർച്ചയായ 21ാം വർഷമാണ് ഉച്ചസമയം ജോലി നിരോധനം നടപ്പാക്കുന്നത്. വേനൽക്കാലത്ത് ചൂടുമായി ബന്ധപ്പെട്ട പരിക്കുകളിൽ നിന്നും ആരോഗ്യ അപകടങ്ങളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഉച്ചസമയജോലി നിരോധിച്ചുകൊണ്ടുള്ള നിയമം പാലിക്കുന്നതിൽ 99 ശതമാനം നിരക്കാണ് ഉള്ളതെന്ന് മന്ത്രാലയത്തിന്റെ ഇൻസ്പെക്ഷൻ ആൻഡ് കംപ്ലയിൻസ് സെക്ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മൊഹ്‌സെൻ അൽ നാസി പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്ഥാപനങ്ങളിലും തൊഴിലാളികളിലും മന്ത്രാലയം സജീവമായി അവബോധം നൽകി വരുന്നുണ്ട്. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാനായി ഫീൽഡ് പരിശോധകളും നടത്തിവരുന്നുണ്ട്.