യുഎഇയിൽ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തുടനീളം ഈ ദിവസങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. പ്രഭാതങ്ങളിൽ ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ദുബൈ: യുഎഇയിൽ ഞായറാഴ്ച മുതൽ അസ്ഥിരമായ കാലാവസ്ഥയെന്ന് മുന്നറിയിപ്പ്. നവംബർ 27 വരെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം ഈ ദിവസങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടും. പ്രഭാതങ്ങളിൽ ചില ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ട്.
നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസിനും 31 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഉൾപ്രദേശങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാകും താപനില. പര്‍വ്വത പ്രദേശങ്ങളില്‍ 20-26 ഡിഗ്രി സെല്‍ഷ്യസായിരിക്കും രേഖപ്പെടുത്തുക.
മണിക്കൂറിൽ 10-25 കി.മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ 35-40 കി.മീ/മണിക്കൂർ വരെ കാറ്റ് ശക്തമാകും. നവംബർ 25 ചൊവ്വാഴ്ച മുതൽ നവംബർ 28 വെള്ളി വരെ ഉൾപ്രദേശങ്ങളിൽ അതിരാവിലെ മഞ്ഞും മൂടൽമഞ്ഞും ഉണ്ടാകും. പടിഞ്ഞാറൻ തീരദേശങ്ങളിലും കടലോര പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. ഇടയ്ക്ക് നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
നവംബർ 25, ചൊവ്വാഴ്ച
പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതമായ ആകാശത്തിന് സാധ്യതയുണ്ട്. നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ ഈർപ്പമുള്ള രാത്രികളും അതിരാവിലെ മഞ്ഞും തുടരാം.
നവംബർ 26, ബുധനാഴ്ച
പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതം അല്ലെങ്കിൽ മേഘാവൃതം തുടരും. താപനില നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. രാത്രിയിൽ ഈർപ്പം കൂടുതലായിരിക്കും, തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ മഞ്ഞിന് സാധ്യതയുണ്ട്.
നവംബർ 27, വ്യാഴാഴ്ച
തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും. രാത്രികളും അതിരാവിലെയും ഈർപ്പം നിലനിൽക്കും, ഉൾപ്രദേശങ്ങളിൽ മഞ്ഞിന് സാധ്യതയുണ്ട്.
നവംബർ 28, വെള്ളിയാഴ്ച
തീരദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമാകും. ഉൾപ്രദേശങ്ങളിൽ ഈർപ്പമുള്ള രാത്രികളും രാവിലെ മഞ്ഞും പ്രതീക്ഷിക്കുന്നു. അറബിക്കടലും ഒമാൻ കടലും ശാന്തമായിരിക്കും.


