അബുദാബി: ഇസ്രയേലുമായി ഒപ്പുവെച്ച സമാധാന കരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ സംബന്ധമായ ഭരണഘടനാ നടപടികള്‍ തുടങ്ങാനും സമാധാന കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കി. സമാധാനത്തിനും സ്ഥിരതയ്‍ക്കുമുള്ള വഴി തുറക്കുന്നതാവും കരാറെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പുരോഗതിയിലേക്ക് കുതിക്കാനുള്ള രാജ്യത്തിന്റെ താത്പര്യത്തിന് അനുഗുണമാവും തീരുമാനം. സാമ്പത്തിക, സാംസ്‍കാരിക, വിജ്ഞാന രംഗങ്ങളില്‍ പുരോഗതിയിലേക്കുള്ള പടവായി മാറുമെന്നും മന്ത്രിസഭ വിലയിരുത്തി.