Asianet News MalayalamAsianet News Malayalam

52ന്റെ നിറവില്‍ യുഎഇ; രാജ്യമെങ്ങും ആഘോഷം, സൗജന്യ പാര്‍ക്കിങ്

ഔദ്യോഗിക ചടങ്ങുകള്‍ എല്ലാ പ്രാദേശിക ചാനലുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റായ www.UnionDay.ae വഴിയും സംപ്രേക്ഷണം ചെയ്യും.

uae celebrates 52nd national day
Author
First Published Dec 2, 2023, 12:54 PM IST

അബുദാബി: യുഎഇയുടെ 52-ാമത് ദേശീയ ദിനം ഇന്ന്. ദേശീയ ദിനം പ്രമാണിച്ച് വിപുലമായ ആഘോഷങ്ങളാണ് രാജ്യമെമ്പാടും സംഘടിപ്പിക്കുക. എക്‌സ്‌പോ സിറ്റി ദുബൈയിലാണ് ഔദ്യോഗിക ആഘോഷ ചടങ്ങുകള്‍. കോപ്28 കാലാവസ്ഥ ഉച്ചകോടി കൂടി നടക്കുന്നതിനാല്‍ നൂതന സാങ്കേതിക വിദ്യകളും പ്രദര്‍ശനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടും. യുഎഇയുടെ പാരമ്പര്യവും രാജ്യത്തിന്റെ ഐക്യവും ദേശീയതയും സ്ഥിരതയും എടുത്തകാട്ടുന്നതാവും വിവിധ പ്രദര്‍ശനങ്ങള്‍.

ഔദ്യോഗിക ചടങ്ങുകള്‍ എല്ലാ പ്രാദേശിക ചാനലുകള്‍ വഴിയും ഔദ്യോഗിക വെബ്‌സൈറ്റായ www.UnionDay.ae വഴിയും സംപ്രേക്ഷണം ചെയ്യും. ഡിസംബര്‍ അഞ്ചു മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന പൊതു ആഘോഷ ചടങ്ങുകളില്‍ യുഎഇ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും പങ്കെടുക്കാനുള്ള അവസരവുമുണ്ട്. 1971ലാണ് യുഎഇ രൂപീകൃതമായത്. 

ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ അബുദാബി, ഷാര്‍ജ, ദുബൈ എമിറേറ്റുകള്‍ ദേശീയ അവധി ദിവസങ്ങളായ 2,3,4 തീയതികളില്‍ സൗജന്യ പാര്‍ക്കിങും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ 50 ശതമാനം ട്രാഫിക് പിഴയിളവും പ്രഖ്യാപിച്ചിരുന്നു. അബുദാബിയില്‍ പാര്‍ക്കിങും ടോളും സൗജന്യമായിരിക്കുമെന്ന് ഗതാഗത കേന്ദ്രം അറിയിച്ചു. 

Read Also -  90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി

ഇന്നു പുലർച്ചെ മുതൽ 5ന് രാവിലെ 7.59 വരെയാണ് ഇളവ്. മുസഫ എം–18ലെ പാർക്കിങ് കേന്ദ്രത്തിലും ഈ ദിവസങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാം. റസിഡന്റ് പാർക്കിങ്ങിൽ രാത്രി 9 മുതൽ രാവിലെ 8 വരെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. നിയമലംഘകർക്ക് 200 ദിർഹം പിഴയുണ്ട്. ദുബൈയില്‍ ഡിസംബര്‍ രണ്ട് ശനിയാഴ്ച മുതല്‍ ഡിസംബര്‍ 4 തിങ്കളാഴ്ച വരെ പാര്‍ക്കിങ് സൗജന്യമാണ്. ഷാര്‍ജയിലും തിങ്കളാഴ്ച വരെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിന അവധിയുണ്ടെങ്കിലും കാലാവസ്ഥ ഉച്ചകോടി നടക്കുന്നതിനാൽ 12വരെ ദുബായ് മെട്രോ രാവിലെ 5 മുതൽ രാത്രി ഒരുമണിവരെ സർവീസ് നടത്തും. ട്രാം സർവീസിലും മുടക്കമില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios