അബുദാബി: കൊവിഡ് നെഗറ്റീവായ എല്ലാ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കി യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി, വിദേശകാര്യ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവ സംയുക്തമായാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. 

യുഎഇ വിമാനത്താവളങ്ങളിലും യാത്ര പോകുന്ന രാജ്യങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണം. യാത്ര ചെയ്യുന്ന സമയത്തിന് 48 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റാണ് കൈവശം സൂക്ഷിക്കേണ്ടത്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. ഇതിന് പുറമെ ഇവര്‍ക്ക് യാത്രാ കാലയളവില്‍ അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാവണം. യുഎഇ പൗരന്‍മാര്‍ യാത്ര ചെയ്യുമ്പോള്‍ ആശയവിനിയമം സാധ്യമാക്കുന്നതിന് തൗജൂദിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസികളുടെ മടക്കയാത്രയ്ക്കും നിര്‍ദ്ദിഷ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. അംഗീകൃത ലാബ് സൗകര്യമുള്ള രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങുന്നവര്‍ യാത്രയ്ക്ക് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതേസമയം 70 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരും സുരക്ഷ മുന്‍നിര്‍ത്തി യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

കൊവിഡ് പോരാട്ടത്തില്‍ പ്രതീക്ഷ; സൗദിയില്‍ പ്ലാസ്മ ചികിത്സ നടത്തിയത് 100ലധികം പേര്‍ക്ക്