അബുദാബി: യുഎഇയിലെ സിവില്‍ കേസുകളില്‍ നിന്ന് രക്ഷപെട്ട് നാട്ടിലേക്ക് മുങ്ങുന്ന വിരുതന്‍മാര്‍ക്ക് ഇനി പിടിവീഴും. യുഎഇയിലെ സിവില്‍ കോടതി വിധികള്‍ ഇനിമുതല്‍ ഇന്ത്യയിലും നടപ്പാക്കും. ബാങ്ക് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ യുഎഇ കോടതികള്‍ വിധി പ്രസ്താവിച്ചാല്‍ ഇനി മുതല്‍ ഇന്ത്യയിലും ഈ വിധി നടപ്പാക്കുമെന്ന് നിയമ വിദഗ്ധര്‍ അറിയിച്ചു.

ജനുവരി 18നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇതനുസരിച്ച് യുഎഇ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ കോടതികള്‍ വഴി നേരിട്ട് നടപ്പാക്കാനാവും. പണമിടപാട് കേസുകളിലെ പ്രതികള്‍ കേസില്‍ വിധി വരും മുമ്പ് യുഎഇയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയാലും യുഎഇ കോടതിയുടെ വിധി നാട്ടില്‍ നിന്ന് നേരിടേണ്ടിവരും. കുടുംബ കേസുകളിലും ഇത് ബാധകമാവും.

യുഎഇ ഫെഡറല്‍ സുപ്രീം കോടതി, അബുദാബി, ഷാര്‍ജ, അജ്‍മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്, ദുബായ് കോടതികള്‍, റാസല്‍ഖൈമ ജുഡ‍ീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലെ കോടതികള്‍, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ കോടതികള്‍ എന്നിവയുടെ വിധിയാണ് ഇന്ത്യയിലെ കോടതികള്‍ വഴി നടപ്പാകുക. ഇന്ത്യയിലെ കോടതികള്‍ വഴി വിധികള്‍ നടപ്പാക്കുന്ന വിദേശരാജ്യങ്ങളില്‍ ഇതുവരെ യുഎഇ ഉള്‍പ്പെട്ടിരുന്നില്ല.

ഗള്‍ഫില്‍ നിന്ന് സാമ്പത്തിക തട്ടിപ്പുകളും മറ്റും നടത്തി നാട്ടിലേക്ക് മുങ്ങുന്നവര്‍ക്കെതിരെ നേരത്തെ ഇവിടുത്തെ കോടതികളില്‍ ഹര്‍ജി നല്‍കി വിചാരണ നടത്തേണ്ടിയിരുന്നു. പുതിയ വിജ്ഞാപനത്തോടെ യുഎഇ കോടതികളുടെ വിധി നടപ്പാക്കാനായി ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഇന്ത്യയിലെ കോടതികളെ സമീപിക്കാനാവും. യുഎഇയില്‍ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കുടുങ്ങുമെന്നാവുമ്പോള്‍ നാട്ടിലേക്ക് മുങ്ങിയ നൂറുകണക്കിന് പ്രവാസികള്‍ ഇന്ത്യയില്‍ കഴിയുന്നുണ്ടെന്ന് യുഎഇയിലെ പ്രമുഖ അഭിഭാഷക പറഞ്ഞു.