അജ്മാന്‍: യുഎഇയില്‍ നഷ്ടപ്പെട്ട പണമടങ്ങിയ പഴ്‌സിന്റെ ഉടമയെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തി അജ്മാന്‍ പൊലീസ്. ഏഷ്യക്കാരിയായ വനിതയ്ക്കാണ് പൊലീസ് പണം അയച്ചു നല്‍കിയത്. എന്നാല്‍ പഴ്‌സ് നഷ്ടമായ വിവരം പൊലീസില്‍ അറിയിക്കാതെയാണ് സ്ത്രീ രാജ്യം വിട്ടത്.

പൊതുസ്ഥലത്ത് വെച്ച് കളഞ്ഞു കിട്ടിയ പഴ്‌സ് യുഎഇയിലെ താമസക്കാരനായ ഒരാള്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് മദിന കോപ്രിഹന്‍സീവ് പൊലീസ് സ്റ്റേഷനിലെ ഡയറക്ടര്‍ ലഫ്. കേണല്‍ ഗെയ്ത് ഖലീഫ അല്‍ കാബി പറഞ്ഞു. പഴ്‌സ് പരിശോധിച്ച പൊലീസിന് ലഭിച്ച തിരിച്ചറിയില്‍ കാര്‍ഡ് അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ ഉടമയായ വനിത യുഎഇ വിട്ടതായി കണ്ടെത്തി.

പഴ്‌സിന്റെ ഉടമയെ കണ്ടെത്തി നല്‍കാനുള്ള ചുമതല മദിന കോപ്രിഹന്‍സീവ് പൊലീസ് സ്റ്റേഷനിലെ ഒമര്‍ മുസബാഹ് അല്‍ കാബിക്കായിരുന്നു. പഴ്‌സില്‍ കണ്ട രാജ്യാന്തര ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പഴ്‌സിന്റെ ഉടമയായ സ്ത്രീ ഏഷ്യന്‍ രാജ്യത്തെ ഒരു വിദൂര ഗ്രാമത്തിലാണ് താമസിക്കുന്നതെന്ന് ഏഷ്യക്കാരനായ ഒരു യുവാവ് പൊലീസിനോട് പറഞ്ഞു. ഈ സ്ത്രീയുടെ താമസസ്ഥലത്ത് ഇന്റര്‍നെറ്റ് സൗകര്യം വളരെ കുറവാണെന്നും യുവാവ് പൊലീസിനെ അറിയിച്ചു.

മാസങ്ങള്‍ക്കിടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന യുവതിയുടെ ബന്ധുവിനെ പൊലീസ് വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു. ഇതിലൂടെയാണ് പഴ്‌സിന് ഉടമയായ് യുവതിയെ കണ്ടെത്താനും പണം തിരികെ നല്‍കാനും സാധിച്ചത്. പണം അയച്ചു നല്‍കിയ പൊലീസ് യുവതി ഇത് കൈപ്പറ്റിയെന്നും ഉറപ്പാക്കി. പണം നഷ്ടപ്പെട്ട വിവരം താന്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ട് പോലും പഴ്‌സ് കണ്ടെത്തി അയച്ചു നല്‍കിയ പൊലീസിനോട് യുവതി നന്ദി അറിയിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു..