ദുബായ്: ഭര്‍ത്താവ് നല്‍കിയ പണവും ആഭരണങ്ങളും വിവാഹമോചനത്തിന് ശേഷം തിരികെ നല്‍കാതിരിക്കാന്‍ നടത്തിയ നിയമപോരാട്ടത്തില്‍ യുവതിക്ക് തിരിച്ചടി. വ്യാഴാഴ്ചയാണ് ഫെഡറല്‍ സുപ്രീം കോടതി, യുവതിയുടെ അപ്പീല്‍ തള്ളിക്കൊണ്ട് വിധി പ്രസ്താവിച്ചത്.

സ്വദേശി യുവതിയാണ് വിവാഹമോചനത്തിന് ശേഷം പണവും ആഭരണങ്ങളും തിരികെ നല്‍കാതിരിക്കാന്‍ കോടതിയെ സമീപിച്ചത്. വിവാഹസമയത്ത് താന്‍ 40,000 ദിര്‍ഹം ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റിയതായി യുവതി സമ്മതിച്ചിരുന്നു. ഇവരുടെ വിവാഹ കരാറിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ എമിറാത്തികളുടെ പാരമ്പര്യമനുസരിച്ച് ഭാര്യക്ക് നല്‍കുന്ന സമ്മാനമായി 80,000 ദിര്‍ഹവും നല്‍കി. ആകെ 1,20,000 ദിര്‍ഹം (23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റി.

താന്‍ നല്‍കിയ പണവും 12 സ്വര്‍ണാഭരണങ്ങളും വാച്ചും മോതിരവും അടക്കമുള്ള സാധനങ്ങള്‍ വിവാഹമോചനത്തിന് ശേഷം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ യുവതി തയ്യാറായില്ല. ഇതിനെതിരെ യുവതി നിയമപരമായി നീങ്ങുകയായിരുന്നു. ആദ്യം പ്രാഥമിക കോടതിയും പിന്നീട് അപ്പീല്‍ കോടതിയും യുവതിയുടെ വാദങ്ങള്‍ തള്ളിയതോടെ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അവിടെയും അപ്പീല്‍ തള്ളിയതോടെ 65,000 ദിര്‍ഹവും (12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മറ്റ് ഫീസുകളും യുവതി തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു.