ദുബായ്: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉപഭോക്താക്കളുടെ പണം തിരികെ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഇടപാടുകള്‍ നടത്തുകയും എന്നാല്‍ കമ്പനിയിലെ പ്രതിസന്ധി മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരില്‍ ചിലരുടെ പണമാണ് തിരികെ നല്‍കുന്നത്

നിലവില്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള യുഎഇ എക്‌സ്‌ചേഞ്ച് ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവും സ്വീകരിച്ച പണത്തില്‍ ചെറിയ തുകയുടെ ഇടപാട് നടത്തിയവര്‍ക്ക് ഈ പണം മടക്കി നല്‍കാന്‍ തുടങ്ങിയതായി വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് 'ഗള്‍ഫ്  ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക ക്രമക്കേടുകളില്‍ ആരോപണ വിധേയനായ ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാതൃ സ്ഥാപനമായ ഫിന്‍ബ്ലര്‍ നിയമപ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 18 ന് സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണത്തിലായിരുന്നു. 

 അതേസമയം തങ്ങളുടെ പണമിടപാട് സംബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇതുവരെ യാതൊരു വിവരവും ലഭിക്കാതെ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഉപഭോക്താക്കളുമുണ്ട്. പണം എന്ന് മടക്കി നല്‍കുമെന്നതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിയന്ത്രണം ലംഘിച്ച് പെരുന്നാള്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കാന്‍ ഒത്തുചേര്‍ന്നു; 136 പ്രവാസികള്‍ അറസ്റ്റില്‍