ദുബായ്: യുഎഇയില്‍ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ദേശീയ അണുനശീകരണ യജ്ഞം രാത്രി എട്ടു മണി മുതല്‍ രാവിലെ ആറ് മണി വരെയാക്കി. നേരത്തെ ഇത് രാത്രി പത്തുമുതല്‍ രാവിലെ ആറ് വരെയായിരുന്നു. 

ഈ മാസം 20 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇതായിരിക്കും പുതിയ സമയം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മാളുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പെരുന്നാള്‍ അവധി ദിനങ്ങളില്‍ മാളുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഏഴ് വരെയായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നമസ്‌കാരം എല്ലാവരും വീടുകളില്‍ തന്നെ നിര്‍വ്വഹിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഭക്ഷണശാലകള്‍, കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, ഗ്രോസറി, സൂപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി എന്നിവയ്ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി തുടരും. അതേസമയം മാംസം, പഴം, പച്ചക്കറി കടകള്‍, കശാപ്പുശാല, മത്സ്യവില്‍പ്പന കേന്ദ്രം, മില്ലുകള്‍, മധുരപലഹാര കടകള്‍ എന്നിവ രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കും.