യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയെന്നാണ് പരാതി. 

അബുദാബി: ഖത്തറിനെതിരെ ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കിയതായി യുഎഇ ഭരണകൂടം അറിയിച്ചു. യുഎഇയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തര്‍ വിപണിയില്‍ വിലക്കേര്‍പ്പെടുത്തിയെന്നാരോപിച്ചാണ് ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സമിതിയില്‍ പരാതി നല്‍കിയതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കും ഖത്തര്‍ വാണിജ്യ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയെന്നാണ് പരാതി. ഇതിന് പുറമെ ഈ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉല്‍പ്പന്നങ്ങളും രാജ്യത്ത് വില്‍ക്കരുതെന്ന് ഫാര്‍മസികള്‍ക്ക് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും യുഎഇ ആരോപിച്ചു. ഖത്തറിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന അംഗീകൃത കമ്പനികളില്‍ നിന്ന് യുഎഇ ആസ്ഥാനമായുള്ള സ്ഥാപനങ്ങളെ ഒഴിവാക്കിയെന്നും ലോക വ്യാപാര സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് 2017 ജൂണിലാണ് യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര-വാണിജ്യ- ബന്ധങ്ങള്‍ അവസാനിപ്പിച്ചത്. ഗതാഗത വിലക്കും ഏര്‍പ്പെടുത്തി. ഇതിനെതിരെ പരാതിയുമായി 2017 ജൂലൈയില്‍ ഖത്തര്‍ ലോക വാണിജ്യ സംഘടനയെ സമീപിച്ചിരുന്നു. ഈ കേസില്‍ ഇപ്പോഴും നടപടികള്‍ തുടര്‍ന്നുവരികയാണ്.